Friday, February 27, 2015

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും.....

തണുപ്പ് കാലാവസ്ഥ ആയതുകൊണ്ടാകാം സൂര്യൻ മടിപിടിച്ച് ഉദിച്ചു വരുന്നേയുള്ളൂ..

രാവിലെ ഓഫീസിലേക്ക് വരും വഴിയാണ് ബാങ്ക് സ്ട്രീറ്റിന്റെ തിരക്കിൽ പെട്ടത്. റോഡെല്ലാം ബ്ലോക്കായപ്പോൾ കണ്ണുകൾ സൂക്ക് വാക്കിഫിലേയ്ക്ക് പോയി..

പുതുമഴയേറ്റ് നനഞ്ഞ മണ്ണിൽ നിന്നും ഈയാംപാറ്റകൾ കൂട്ടത്തോടെ പിറവിയെടുക്കും പോലെ, സൂക്ക് വാക്കിഫിന്റെ ആകാശത്തിലേക്ക് പറന്നുയരുന്നു വെള്ളരി പ്രാവുകൾ! നിമിഷനേരംകൊണ്ട് ആകാശമാകെ കയ്യടക്കി മറ്റൊരു പുലരി കണ്ട സന്തോഷത്തിൽ ചിറകടിച്ച് സന്തോഷിക്കയാണവർ.

നിഷ്കളങ്കരായ വെള്ളരിപ്രാവുകളിൽ നിന്നും കണ്ണുകൾ നേരെ ഇടതും വലതുമൊക്കെ നിർത്തിയിട്ടിരിക്കുന്ന വണ്ടികളിലെത്തിയപ്പോൾ ചിത്രമാകെ മാറി..

യാതൊരു ഉറപ്പുമില്ലാത്ത ജീവിതത്തിൽ മറ്റൊരു പുലരി കണ്ടതിന്റെ സന്തോഷം ആരുടെയും മുഖങ്ങളിൽ കണ്ടില്ല.. വീണുകിട്ടിയ സമയം മൊബൈലിനു മുന്നിൽ തോറ്റു തലകുനിച്ചിരിക്കുന്നവർ. അക്ഷമയോടെ, നിരാശയോടെ റോഡിലെ തിരക്കിനെ മുഖത്ത് പ്രകടിപ്പിക്കുന്നവർ!
ഒന്നു വലത്തോട്ട് പോകാൻ അനുവദിക്കൂ എന്ന് ചോദിക്കുന്നവരെ കൊഞ്ഞനം കുത്തുംപോലെ ഇൻഡിക്കേറ്ററിന്റെ മഞ്ഞ വെളിച്ചം കണ്ടതും നീയൊന്നു പോകുന്നത് കാണട്ടെ എന്ന മട്ടിൽ വണ്ടി മുന്നോട്ടെടുത്തു തടസ്സം നിൽക്കുന്നവർ.
എന്നാണ് കപടത നിറഞ്ഞ മനുഷ്യജീവിയ്ക്ക് എല്ലാം മറന്നൊന്നു സന്തോഷിക്കാൻ പറ്റുക? കുറച്ചെങ്കിലും കരുണയോടെ സഹജീവികളെ കാണാൻ പറ്റുക?

മോഹിച്ചു പോകുന്നു നിഷ്കളങ്കതയോടെ ആകാശത്തിലേയ്ക്ക് പറന്നുയരുന്ന പക്ഷിയാകാൻ..


ഫോട്ടോ കടപ്പാട് ഗൂഗിള്‍

തിരുവാതിരയും എന്റെ കുറെ (വിപ്ലവ)ചിന്തകളും


തിരുവാതിര എന്നു കേള്ക്കുമ്പോള് ആദ്യം ഓര്മ്മ വരുന്നത് പഠിക്കുന്ന കാലത്തെ ബാലകലോത്സവത്തിനു വേണ്ടിയുള്ള പ്രാക്ടീസാണ്.


ശരീരം അനങ്ങിയുള്ള ജോലികള് ചെയ്യാന് കുഞ്ഞുന്നാളിലേ താല്പര്യം ഇല്ലാഞ്ഞതുകൊണ്ട് ഈ ഒരു സംഭവത്തില് എനിക്ക് പങ്കില്ലായിരുന്നു. പക്ഷെ എന്റെ ഇഷ്ട ഇനമായ ഒപ്പനയില് ഞാന് ഇല്ലാത്ത ഒരു ബാലകലോല്സവോം യൂത്ത് ഫെസ്റ്റിവലും ഉണ്ടായിട്ടേയില്ല..

ഒപ്പനയെ ഏറെ ഇഷ്ടപ്പെട്ടിരുന്നത് അതില് ശരീരം അനങ്ങാതെ തല മാത്രം കുണുക്കിയഭിനയിക്കുന്ന മണവാട്ടി വേഷത്തോടുള്ള അടങ്ങാത്ത പ്രിയം തന്നെയായിരുന്നു.. തന്നെയുമല്ല ഇതിന്റെ പേരില് ഒരു മാസമെങ്കിലും പ്രാക്ടീസ് എന്നും പറഞ്ഞു പഠിക്കാതെ നടക്കാമെന്നുള്ള ചിന്തയും!
നാലാം ക്ലാസ്സു മുതല് ഏറ്റെടുത്ത ഈ റോള് പത്താം ക്ലാസ്സോടെ മാത്രമേ അവസാനിപ്പിച്ചുള്ളൂ. പിന്നെ യഥാര്ത്ഥ ജീവിതത്തില് ഒരിക്കല് കൂടി മണവാട്ടിയായി അതങ്ങനെ അവസാനിച്ചു..

ഞാന്‍ ജനിച്ച സംസ്കാരത്തിന്റെ ആഘോഷവും അനുഷ്ഠാനവുമൊക്കെ ആയതുകൊണ്ടാകാം, പിന്നീട് ജീവിതത്തില് കേട്ടതും കണ്ടതും അധികവും തിരുവാതിര തന്നെയാണ്. പക്ഷെ ഒരിക്കലും അതൊന്ന് അഭ്യസിക്കണം എന്ന് തോന്നിയിട്ടേയില്ല... അത് തിരുവാതിര എന്ന മഹത്തായ കലയോടുള്ള വെറുപ്പുകൊണ്ടായിരുന്നില്ല മറിച്ച് ഇത് അഭ്യസിക്കാന് നടക്കുന്ന നാട്ടിലെ മഹിളകള് ഉണ്ടാക്കുന്ന മഹത്തായ വിപ്ലവം കണ്ട് വെറുത്തുപോയതുകൊണ്ടായിരുന്നു.

ധനുമാസത്തിലെ തിരുവാതിരക്കു വേണ്ടി വൃശ്ചിക മാസത്തിലേ തുടങ്ങും ചേരി തിരിഞ്ഞുള്ള (പോര് ) തിരുവാതിരക്കളി.

ആദ്യമൊക്കെ അമ്പലത്തിന്റെ വടക്കുള്ളവര് ഒരു ഗ്രൂപ്പ്, തെക്കുള്ളവര് വേറെ, അങ്ങനെ നാല് ദിക്കുകള്‍ക്ക് അനുസരിച്ചുള്ള ചേരിയായിരുന്നുവെങ്കില് പിന്നീടത് പ്രായത്തെ മാനദണ്ഡമാക്കി പതിനഞ്ചിനും മുപ്പതിനും ഇടയില് ഒരു ഗ്രൂപ്പ്, മുപ്പതിനും അമ്പതിനും ഇടയില് ഒന്ന്, പിന്നെ അമ്പതുമുതല്‍ പ്രായപരിധി ഇല്ലാതെ എണിറ്റു നില്ക്കാന് ശേഷിയനുസരിച്ചുള്ള ഗ്രൂപ്പ് .. വര്ഷംതോറും ഗ്രൂപ്പുകളുടെ എണ്ണത്തില് പുരോഗതി ഉണ്ടായിക്കോണ്ടേയിരുന്നു..

ഈ ഗ്രൂപ്പുകളുടെ നിബന്ധന ലളിതമാണ് ... രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഏതു സമയത്തും റിഹേഴ്സലിനു റെഡി ആയിരിക്കണം.
തന്നെയുമല്ല പോകുമ്പോള് ചില വിവരങ്ങള് ശേഖരിക്കുകയും വേണം. മറ്റൊന്നുമല്ല ഈ സംഘത്തില് പെടാത്ത ആരുടെയെങ്കിലും വീട്ടിലെ കുറ്റവും കുറവും....

അതും വളരെ വ്യക്തമായി മനസിലാക്കി റിഹേഴ്സലിനു ശേഷം ചര്ച്ചക്കെടുത്തു പാസ്സാക്കണം.. പിന്നെ ഇൻവെസ്റ്റിഗേഷൻ ആണ്..
അതില് മിക്കവാറും പാളും എന്നതാണ് സത്യം, എങ്കിലും പൊട്ടക്കണ്ണന്‍ മാവേല്‍ ഏറിയും പോലെ എങ്ങാനും കൊണ്ടാല്‍ വാലും തുമ്പുമൊക്കെ വെച്ച് ഒരു വല്യ കഥ തന്നെ മെനയാം.. അടുത്ത തിരുവാതിരവരെ താലോലിയ്ക്കാന്‍..

തിരുവാതിര തലേന്ന് ഉറക്കമൊഴിച്ച് പാതിരാപ്പൂ ചൂടാന് പോകുമ്പോള്‍, (നല്ല ഇരുട്ടില്‍ പാട വരമ്പിലൂടെ പാതിരാപ്പൂവ് പറിയ്ക്കാന് പോകുമ്പോളും ഈ ജന്തുക്കളുടെ വായിലെ നുണ വിഷമായി ചീറ്റുന്നതുകൊണ്ട് പാമ്പു പോലും വരാറില്ല എന്നാണ് കേട്ടു കേൾവി ) പുഴുക്കിനു കഷണങ്ങള് അരിഞ്ഞു വല്യ ഉരുളിയില് കുറച്ച് വെള്ളം ഒഴിച്ച് നന്നായി തിളയ്ക്കുമ്പോള് പയര്, മുതിര പിന്നെ പരദൂഷണം, വീണ്ടും ചേന, ചേമ്പ് പരദൂഷണം എന്ന ക്രമത്തില് ചേര്ത്ത് കുറച്ചു ഉപ്പും എരിവിന് കട്ടികൂടിയ അപഖ്യാതിയും ഇട്ടു മാറ്റിവെയ്ക്കും. എന്നിട്ട് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കി നിലവിളക്കും കൊളുത്തി വെച്ചാകും അടുത്ത നുണ പറച്ചില്.


ഭര്ത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി എന്ന് പറയുമ്പോളും ഈ തിരുവാതിര മഹതികളില് അധികവും പാവം ഭര്ത്താവിനു പുല്ലു വില പോലും കല്പ്പി ക്കാത്തവര് ആണെന്നത് മറ്റൊരു തമാശ...

പരദൂഷണത്തിന്റെ ചേരുവ ചേർക്കാതെ ഈ വിപ്ലവകല സാധ്യമല്ലെങ്കിൽ എത്രയോ ഭേദമാണ് ഈ മഹത്തായ കലയ്ക്കു പേരുദോഷം ഉണ്ടാക്കാതെ വല്ല കഞ്ഞീം പയറും ഉണ്ടാക്കി അത് ഭര്ത്താവിന്റെ കൂടെയിരുന്നു സന്തോഷത്തോടെ കഴിച്ച് സുഖായി ഉറങ്ങുന്നത്..

ചെയ്യേണ്ട കര്മ്മം ചെയ്യാതെ സെറ്റ്മുണ്ടും ഉടുത്ത്, ഈ തുള്ളിച്ചാട്ടം കാണാന് മാത്രം വന്നു നില്ക്കുന്ന ചില പെങ്കോന്തന്മാര്ക്ക് നയന സുഖം ഉണ്ടാക്കിയിട്ട് സ്വന്തം ഭര്ത്താവിന് എന്ത് ഗുണം കിട്ടാന് !

ഓരോ തവണ നാട്ടില് ചെല്ലുമ്പോഴും കേള്ക്കാം പുതിയ തിരുവാതിര ഗ്രൂപ്പുകളുടെ കഥകള്.

രാഷ്ട്രീയത്തില് പോലും ഇത്രേം ഗ്രൂപ്പു കളിയുണ്ടോ എന്ന് സംശയം തോന്നിപ്പോയിരുന്നു.. ഇപ്പൊള് മാധ്യമങ്ങളില് വന്ന വിപ്ലവ തിരുവാതിര വിശേഷങ്ങള് കണ്ടപ്പോള് സത്യത്തില് ഇത് എന്നേ രാഷ്ട്രീയപ്രവര്ത്ത നത്തിന്റെ ഭാഗമാകേണ്ടിയിരുന്ന മഹത്തായ കലയാണ്; എന്തേ ഇത്രേം വൈകിയത് എന്നു മാത്രേ തോന്നിയുള്ളൂ..

എന്തായാലും അവസാനം അർഹിച്ച പേരും നൽകി അഗീകരിക്കപ്പെട്ടല്ലോ ഈ കല...ആശ്വാസം...!!!

ഫോട്ടോയ്ക്ക് കടപ്പാട് : ഗൂഗിള്‍
 

Sunday, February 22, 2015

ആഘോഷിക്കാൻ ഓരോരോ കാരണങ്ങൾ ...AAP വക KFC

പതിനൊന്നുമണി ആയപ്പോള്‍ colleague വിളിക്കുന്നു. വേഗം വരൂ 11th ഫ്ലോറിലേയ്ക്ക് . KFC കഴിക്കാം.

അയ്യോ ഞാന്‍ വെജ് മാത്രേ കഴിയ്ക്കൂ..

വെജും ഉണ്ട് എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ തകര്‍ക്കാംന്നു കരുതി, കാര്യം എന്താ എന്നു തിരക്കി.

എന്താ വിശേഷം? Riswan ന്‍റെ കല്യാണത്തിന്റെ ട്രീറ്റ്‌ ആകും അല്ലേ?

അതൊക്കെ പറയാം ഇങ്ങോട്ട് വരൂ എന്നായി അവര്‍.

ചെന്നപ്പോള്‍ സകല രാജ്യക്കാരും ഉണ്ട്. എല്ലാരുടെയും കയ്യില്‍ ഓരോ ചിക്കന്‍ കാലും.

കിട്ടിയ ബണ്ണും ഉരുളക്കിഴങ്ങ് വറുത്തതുമെല്ലാം അടിച്ചു വീക്കുന്നതിനിടയില്‍ ചോദിച്ചു:

“അല്ല ശരിക്കും ഇത് എന്തിന്റെയാ ഈ department മുഴുവന്‍ ആഘോഷിക്കുന്നെ”?
റിസ്വാന്‍, നിന്‍റെ കല്യാണത്തിന്‍റെ ചിലവാണോ?

എന്‍റെ കല്യാണ ത്തിന്‍റെ അല്ല. AAP ടെ വിജയം ആഘോഷിക്കുന്നതാണെന്ന് റിസ്വാന്റെ മറുപടി!!

“ഹേ!! അയ്യോ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ്. എനിക്ക് ഇതില്‍ ഇപ്പൊ വല്യ സന്തോഷം ഒന്നും ഇല്ല”.

കഴിച്ച ബണ്ണ്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങും മുന്‍പേ പറഞ്ഞു തീര്‍ത്തു.
അപ്പോള്‍ കൂട്ടുകാരുടെ വക കമന്റ്.

അതിനിപ്പോ ആരാ ഇവിടെ AAP?

ഞാന്‍ അസ്സല്‍ കോണ്‍ഗ്രസ്സുകാരന്‍, ഇവനാനെകില്‍ BJP നിങ്ങള്‍ കമ്മ്യൂണിസ്റ്റ്!!
പിന്നെ AAP എന്താന്നു പോലും അറിയാത്ത സകല നാട്ടുകാരും ഇത് ആഘോഷിക്കുന്നു. പിന്നെയാ ഒരു കമ്യുണിസ്റ്റ്!! വാചകമടിക്കാതെ കഴിക്കാന്‍ നോക്ക് .

ശരിയാ കഴിച്ചേക്കാം എന്നു കരുതി.

എന്നാലും ഇത്രേം രൂപ കൊടുത്ത് ഏതു മലയാളിയാണ് ഇത് ആഘോഷിക്കാനുള്ള സന്മനസ്സ് കാണിച്ചത്‌ എന്നറിയാന്‍ ചോദിച്ചു.
ആരാ ഇപ്പോ ഇത് കൊണ്ട് വന്നത്??

അത് ദേ അവന്‍.. തമിഴ്നാട്ടുകാരനാ.. അവന്‍ AAP ആണ്. ഒറിജിനല്‍ AAP!!
അത് തന്നെ ധാരാളം ആഘോഷിക്കാന്‍!!

ശരിയാ.. വെറുതെ കിട്ടുന്നത് പങ്കിട്ടെടുത്ത് കഴിക്കാന്‍ പാര്‍ട്ടിയും അംഗ ബലവുമൊക്കെ എന്ത് പ്രശ്നം.

അക്കാര്യത്തില്‍ നമ്മള്‍ എല്ലാം ഒറ്റക്കെട്ടാണെന്ന് ഒരു മുദ്രവാക്യോം മുഴക്കി കഴിച്ച ബണ്ണ്‍ തൊണ്ടയില്‍ നിന്നും ഇറങ്ങാന്‍ കോള തന്നെ എടുത്തു കുടിച്ച് ദയനീയമായി ചിക്കന്‍ പീസില്‍ നോക്കി അവിടെനിന്നും സ്ഥലം കാലിയാക്കി.

കൂടെ ഇതൊക്കെ കൊണ്ടുവന്ന തമിഴ്നാട്ടുകാരനോട് നന്ദിയും AAPയ്ക്ക് അഭിനന്ദനങ്ങളും പറഞ്ഞു. അതാണല്ലോ അസ്സല്‍ രാഷ്ട്രീയം!!




 

Saturday, February 21, 2015

ഒരു വട്ടം കൂടിയെന്‍ ......

ജോലി കിട്ടി ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ട്രാന്‍സ്ഫര്‍ എന്നൊക്കെ പറയുംപോലെ നാലാമത്തെ വയസ്സില്‍ തന്നെ മൂന്നു നെഴ്‌സറി മാറിയെന്ന ആദ്യ ബഹുമതി എനിക്ക് കിട്ടി എന്‍റെ നാട്ടില്‍. എന്നെ സംബന്ധിച്ച് സ്കൂളില്‍ പോവുകാന്നൊക്കെ പറഞ്ഞാല്‍ രാവിലെ സൂര്യന്‍ ഉദിക്കല്ലേ എന്ന് പ്രാര്‍ഥിച്ചു പോയകാലങ്ങള്‍ ആയിരുന്നു.

മതിയാവോളം ഉറങ്ങി, സുഖമായി ശാപ്പാടും കഴിച്ച് വീട്ടിലുള്ളവരെ പരമാവധി ഭ്രാന്തു പിടിപ്പിച്ചുനടക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. വീട്ടിലെ ആദ്യത്തെ കണ്മണി ആയതിനാല്‍ ആകാം കൊഞ്ചിക്കലിന്റെ വഷളത്തരം ഇത്തിരി കൂടുതലായിരുന്നു അന്നും ഇന്നും.

എന്നെ സ്കൂളില്‍ കൊണ്ടുപോവുക എന്ന ദൌത്യം പാവം രവിയമ്മാവന് ആയിരുന്നു.

രാവിലെ രവിയമ്മാവന്റെ കയ്യുംപിടിച്ച് വഴിനീളെ കരഞ്ഞ് ഒരുപ്രകാരത്തില്‍ സ്ക്കൂളില്‍ എത്തും. എന്നെ ക്ലാസ്സില്‍ ഇരുത്തി അമ്മാവന്‍ സ്കൂളിന്‍റെ ഗേറ്റ് എത്തുന്നതിനു മുന്‍പേ ജനലും ചാടിക്കടന്ന് അമ്മാവനേക്കാള്‍ മുന്‍പ് വീട്ടില്‍ പോകാന്‍ റെഡിയായി ഞാന്‍ ഗേറ്റില്‍ നിലയുറപ്പിച്ചിട്ടുണ്ടാകും.

ദൌത്യം പരാജയപ്പെട്ട വിഷമത്തില്‍ അമ്മാവന്‍ എന്നെയും കൂട്ടി തിരികെ നടക്കും.. ഇതിങ്ങനെ ആവര്‍ത്തിയ്ക്കുന്നതിനിടയില്‍ ഒരു ദിവസം പതിവ് സ്കൂള്‍ സവാരിക്കിറങ്ങിയ ഞങ്ങള്‍ക്കു മുന്നിലേക്ക് അമ്മാവന്റെ പ്രാര്‍ത്ഥന ഫലിച്ചപോലെ അതാ വരുന്നു സുഹൃത്തായ തങ്കപ്പന്‍ സാര്‍.

“എടാ തങ്കപ്പാ ഇവളെക്കൂടി കൊണ്ടുപൊയ്ക്കോ” എന്ന് പറഞ്ഞു എന്നെ ഏല്പിക്കുമ്പോള്‍ എന്‍റെ കുഞ്ഞു മനസ്സിന്‍റെ ആത്മാഭിമാനം തങ്കപ്പന്‍ സാറിനു മുന്നില്‍ കരയാന്‍ എന്നെ അനുവദിച്ചില്ല.

സ്ക്കൂളില്‍ പോകാനുള്ള മടിയ്ക്ക് അന്നത്തോടെ വിരാമമിട്ടെങ്കിലും,എന്നെ ചതിക്കുഴിയിലേക്ക് തള്ളിവിട്ട അമ്മാവനോടുള്ള ഒടുങ്ങാത്ത പക അന്നേ വൈരാഗ്യ ബുദ്ധിയുള്ള ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. തക്കം കിട്ടിയാല്‍ കൊടുക്കണം എന്നായി ചിന്ത.

അമ്മാവന്‍ വല്യ പാതകം ആണല്ലോ ചെയ്തത്.. സുഖായി ഉണ്ടും ഉറങ്ങിയും നടന്ന എന്നെ പഠിപ്പിക്കാന്‍ വിട്ടിരിക്കുന്നു!!

വല്യ താമസം ഇല്ലാതെ കാത്തിരുന്ന ദിവസം വന്നു.

അപ്പോഴേക്കും വല്യ സുഹൃദ് വലയം ഉണ്ടാക്കിയെടുത്തിരുന്നു ഞാന്‍ . പഠിക്കുന്നതിനേക്കാള്‍ താല്പര്യം പുറം കാഴ്ചകള്‍ കാണുന്നതില്‍ ആയിരുന്നതുകൊണ്ട് സ്ക്കൂള്‍ മുറ്റത്തുകൂടി രവിയമ്മാവന്‍ നടന്നു വരുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു .

കൂട്ടുകാരെ എല്ലാരേയും ജനലരികില്‍ വിളിച്ചു.. എന്നിട്ട് രവിയമ്മവാ എന്ന് നീട്ടിയൊരു വിളി!!
സന്തോഷത്തോടെ അമ്മാവന്‍ എന്താ മോളെ എന്ന് ചോദിച്ചതും, കൂട്ടുകാര്‍ക്കു ഞാന്‍ പരിചയപ്പെടുത്തിയതും ഒപ്പമായിരുന്നു..

“ഇപ്പൊ എന്താ മോളേന്നു ചോദിച്ചില്ലേ, അതാ ഞാന്‍ പറഞ്ഞ രവിയമ്മാവന്‍ .എന്‍റെ വീട്ടിലെ പ്രാന്തന്‍”!!

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....അതും എന്‍റെ രവിയമ്മാവന്റെ കയ്യില്‍ പിടിച്ച്!!

പെയ്തൊഴിയാതെ ........

വെറ്റില ചേര്‍ത്ത്
കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍
അച്ഛന്റെ കൈ വിറച്ചിരുന്നുവോ?

ഞാന്‍ മുഖത്തേക്ക് നോക്കി
ഒന്നെന്നെ നോക്കിയില്ലല്ലോ
എന്ന്‍ പരിഭവിച്ചു.

പടികളിറങ്ങുമ്പോള്‍
മനസ്സും കണ്ണും
അച്ഛനെ തന്നെ തിരഞ്ഞു.

യാത്രയയപ്പിന്റെ
ഒരു നോട്ടം പോലും തരാതെ
നരച്ച പുകച്ചുരുളുകള്‍ക്കിടയില്‍
മറഞ്ഞിരിക്കുകയായിരുന്നു അച്ഛന്‍.

ആ ധൂമപടലങ്ങളിലെ നോവാണ്
എന്റെ മനസ്സില്‍
സങ്കടത്തിന്റെ മേഘം തീര്‍ത്തതും
കണ്ണുകള്‍ പെയ്തതും...!

ഫോട്ടോ - ഗൂഗിള്‍