Saturday, February 21, 2015

ഒരു വട്ടം കൂടിയെന്‍ ......

ജോലി കിട്ടി ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ട്രാന്‍സ്ഫര്‍ എന്നൊക്കെ പറയുംപോലെ നാലാമത്തെ വയസ്സില്‍ തന്നെ മൂന്നു നെഴ്‌സറി മാറിയെന്ന ആദ്യ ബഹുമതി എനിക്ക് കിട്ടി എന്‍റെ നാട്ടില്‍. എന്നെ സംബന്ധിച്ച് സ്കൂളില്‍ പോവുകാന്നൊക്കെ പറഞ്ഞാല്‍ രാവിലെ സൂര്യന്‍ ഉദിക്കല്ലേ എന്ന് പ്രാര്‍ഥിച്ചു പോയകാലങ്ങള്‍ ആയിരുന്നു.

മതിയാവോളം ഉറങ്ങി, സുഖമായി ശാപ്പാടും കഴിച്ച് വീട്ടിലുള്ളവരെ പരമാവധി ഭ്രാന്തു പിടിപ്പിച്ചുനടക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. വീട്ടിലെ ആദ്യത്തെ കണ്മണി ആയതിനാല്‍ ആകാം കൊഞ്ചിക്കലിന്റെ വഷളത്തരം ഇത്തിരി കൂടുതലായിരുന്നു അന്നും ഇന്നും.

എന്നെ സ്കൂളില്‍ കൊണ്ടുപോവുക എന്ന ദൌത്യം പാവം രവിയമ്മാവന് ആയിരുന്നു.

രാവിലെ രവിയമ്മാവന്റെ കയ്യുംപിടിച്ച് വഴിനീളെ കരഞ്ഞ് ഒരുപ്രകാരത്തില്‍ സ്ക്കൂളില്‍ എത്തും. എന്നെ ക്ലാസ്സില്‍ ഇരുത്തി അമ്മാവന്‍ സ്കൂളിന്‍റെ ഗേറ്റ് എത്തുന്നതിനു മുന്‍പേ ജനലും ചാടിക്കടന്ന് അമ്മാവനേക്കാള്‍ മുന്‍പ് വീട്ടില്‍ പോകാന്‍ റെഡിയായി ഞാന്‍ ഗേറ്റില്‍ നിലയുറപ്പിച്ചിട്ടുണ്ടാകും.

ദൌത്യം പരാജയപ്പെട്ട വിഷമത്തില്‍ അമ്മാവന്‍ എന്നെയും കൂട്ടി തിരികെ നടക്കും.. ഇതിങ്ങനെ ആവര്‍ത്തിയ്ക്കുന്നതിനിടയില്‍ ഒരു ദിവസം പതിവ് സ്കൂള്‍ സവാരിക്കിറങ്ങിയ ഞങ്ങള്‍ക്കു മുന്നിലേക്ക് അമ്മാവന്റെ പ്രാര്‍ത്ഥന ഫലിച്ചപോലെ അതാ വരുന്നു സുഹൃത്തായ തങ്കപ്പന്‍ സാര്‍.

“എടാ തങ്കപ്പാ ഇവളെക്കൂടി കൊണ്ടുപൊയ്ക്കോ” എന്ന് പറഞ്ഞു എന്നെ ഏല്പിക്കുമ്പോള്‍ എന്‍റെ കുഞ്ഞു മനസ്സിന്‍റെ ആത്മാഭിമാനം തങ്കപ്പന്‍ സാറിനു മുന്നില്‍ കരയാന്‍ എന്നെ അനുവദിച്ചില്ല.

സ്ക്കൂളില്‍ പോകാനുള്ള മടിയ്ക്ക് അന്നത്തോടെ വിരാമമിട്ടെങ്കിലും,എന്നെ ചതിക്കുഴിയിലേക്ക് തള്ളിവിട്ട അമ്മാവനോടുള്ള ഒടുങ്ങാത്ത പക അന്നേ വൈരാഗ്യ ബുദ്ധിയുള്ള ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. തക്കം കിട്ടിയാല്‍ കൊടുക്കണം എന്നായി ചിന്ത.

അമ്മാവന്‍ വല്യ പാതകം ആണല്ലോ ചെയ്തത്.. സുഖായി ഉണ്ടും ഉറങ്ങിയും നടന്ന എന്നെ പഠിപ്പിക്കാന്‍ വിട്ടിരിക്കുന്നു!!

വല്യ താമസം ഇല്ലാതെ കാത്തിരുന്ന ദിവസം വന്നു.

അപ്പോഴേക്കും വല്യ സുഹൃദ് വലയം ഉണ്ടാക്കിയെടുത്തിരുന്നു ഞാന്‍ . പഠിക്കുന്നതിനേക്കാള്‍ താല്പര്യം പുറം കാഴ്ചകള്‍ കാണുന്നതില്‍ ആയിരുന്നതുകൊണ്ട് സ്ക്കൂള്‍ മുറ്റത്തുകൂടി രവിയമ്മാവന്‍ നടന്നു വരുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു .

കൂട്ടുകാരെ എല്ലാരേയും ജനലരികില്‍ വിളിച്ചു.. എന്നിട്ട് രവിയമ്മവാ എന്ന് നീട്ടിയൊരു വിളി!!
സന്തോഷത്തോടെ അമ്മാവന്‍ എന്താ മോളെ എന്ന് ചോദിച്ചതും, കൂട്ടുകാര്‍ക്കു ഞാന്‍ പരിചയപ്പെടുത്തിയതും ഒപ്പമായിരുന്നു..

“ഇപ്പൊ എന്താ മോളേന്നു ചോദിച്ചില്ലേ, അതാ ഞാന്‍ പറഞ്ഞ രവിയമ്മാവന്‍ .എന്‍റെ വീട്ടിലെ പ്രാന്തന്‍”!!

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....അതും എന്‍റെ രവിയമ്മാവന്റെ കയ്യില്‍ പിടിച്ച്!!

1 comment:

  1. ഹഹഹ.. കുറുമ്പി! പാവം രവ്യമ്മാവന്‍...

    ReplyDelete